അവധിക്ക് വീട്ടിലെത്തുന്ന പല വൈകുന്നേരങ്ങളലേയും പോലെ അന്നും വീടിന്റെ മുമ്പിലെ കൊച്ചു പുല്‍ത്തകിടിയില്‍ ഒരു പഴയ തലയിണയില്‍ തലവച്ച് , ഒരു പുസ്തകവും വായിച്ച് അങ്ങനേ കിടക്കുകയായിരുന്നു. പണ്ട് 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ജനിച്ചപ്പോള്‍ തലവയ്ക്കാന്‍ ഉണ്ടാക്കിയതാണീ തലയിണ. സൂര്യന് പടിഞ്ഞാറേ ചക്രവാളത്തില് വിടപറഞ്ഞ് യാത്രായായോ എന്നറിയാന്‍ അടുത്ത അമ്പലപ്പറമ്പില്‍ ദിവാസ്വപനം കണ്ടുറങ്ങിയിരുന്ന വാവലുകളില്‍ ചിലവ ആകാശത്തിലവിടെയിവിടെ പറന്ന നടക്കുന്നുണ്ടാകും. കാക്കയും, കുയിലും തത്തയും കൂടയാണനുള്ള പരക്കം പാച്ചലിലാണ്‍. അയലത്തെ തൊടിയില്‍ കരിയിലക്കിളികളുടെ പരദൂഷണം പറച്ചിലുമുണ്ട്. ആകാശത്ത് കല്‍പ്വ്രിക്ഷത്തിന്റെ തോടുകള്‍ നിറയുമ്പോള്‍ കണ്ണട മാറ്റി വച്ച് വായിച്ചിരുന്ന പുസ്തകം കൊണ്ട് മുഖം മറച്ചങ്ങനേ കിടക്കും. അമ്മ വന്ന് പരിസരം ഒക്കെ ഒന്നു നോക്കിയിട്ട് പറയും
“ഡാ ചെറുക്കാ നീ ആ ടീഷര്‍ട്ടെടുത്തിട്. അല്ലെങ്കില്‍ പുല്ലു കൊണ്ട് പുറമൊക്കെ ചൊറിയും”
ആര്‍ കേള്‍ക്കാന്‍.
അപ്പോളാണ്‍ അമ്മ ഒരു വലിയ ഗ്ലാസ് നിറയെ പാല്‍ക്കാപ്പിയുമായി വരിക. കാപ്പിയുടെ മണവും, നടത്തിന്റെ ശബ്ടവും ഒക്കെ കേട്ടിരിക്കൂമെങ്കിലും ഉറക്കം നടിച്ച് അനങ്ങാതെ കിടക്കും.
“ഡാ, നീ ഉറങ്ങിയോ, കാപ്പി കുടിക്ക്”
എന്ന് അമ്മ പറയുന്നത് കേട്ടില്ലയെന്ന് നടിക്കും. മെല്ലെ, വേദനിപ്പിക്കാതെ ചൂട് ഗ്ലാസ് നിലത്ത് വയ്ക്കുന്ന അമ്മയെ പുസ്തകത്തിനിടയിലൂടെ കാണുമ്പോള്‍ത്തന്നെ ചിരിവരും. പിന്നെ, എന്റെ എന്റെ മുഖത്തിരിക്കുന്ന പുസ്തകമെടുത്തുമാറ്റുമ്പോളവളുടെ മുഖത്ത് വിടരുന്ന ചിരികാണാന്‍ എന്തു രസമാണെന്നോ. കാപ്പി കുടിക്കാനെണീക്കാന്‍ മടിയായിരിക്കും. മടിയേക്കാലും കൂടുതല്‍ കുടുച്ചു തീര്‍ത്താല്‍ സുഖമുള്ള മണം കിട്ടില്ലല്ലോ എന്ന സങ്കടമാണ്‍ കൂടുതല്‍. പിന്നെയും പിന്നെയും അമ്മ മുറ്റത്തോളം വന്ന്
“ഡാ കാപ്പി കുടിക്കെഡാ, ചൂടാറിപ്പോകും“
എന്ന് ഭീഷണിപ്പെടുത്തും. അവസാനം, മെല്ലെ മനസില്ലാ മനസ്സോടെ എണീറ്റ്, വയനാട്ടില്‍ നിന്നും കൊണ്ടുവന്ന കാപ്പിക്കുരു വീട്ടില്‍ തന്നെ വറുത്ത് പൊടിക്കുന്ന കാപ്പിയുടെ സ്വാദ് ആസ്വദിച്ച് കുടിക്കും. നിറച്ചും പാലായിരിക്കും കാപ്പിയില്‍. കാപ്പി എന്ന പേരില്‍ പാല്‍ കുടിപ്പിക്കുക എന്ന ഒരു ഗൂഡാലോചന പാവം അമ്മയുടെ മനസിലുണ്ട് എന്നറിയാതെ അല്ല.
വീണ്ടും കുറച്ച് നേരം പുസ്തകം വായിക്കാന്‍ ശ്രമിക്കും. അപ്പോളേക്കും വിശപ്പ് സഹിക്കവയ്യാതെ അമ്പലപ്പറിപ്പിലെ പകലുറക്കം മതിയാക്കി വാവലുകള്‍ ദൂരേക്കെങ്ങോ പറന്ന് തുടങ്ങിയിരിക്കും. പലതരം കിളികള്‍ കൂട്ടുകാരികളോട് ഉറക്കെയുറക്കെ സ്വകാര്യം പറയുന്നുണ്ടാകും ചുറ്റിലും. ആകാശത്തില്‍ ഒത്തിരിയുയരത്തില്‍ കൊക്കുകള്‍ ധ്ര്യതിയില്‍ പറന്ന് എങ്ങോട്ടോ പോകുന്നുണ്ടാകും. പടിഞ്ഞാറന്‍ ചക്രവാളം ചുവന്നിരിക്കും. അപ്പോളേക്കും അമ്മ വീണ്ടും വന്നു നോക്കും. അമ്പലത്തില്‍ ദീപാരാധന തൊഴാന്‍ പോകുന്ന മെഡിക്കള്‍ കോളേജ് തരുണീമണികളെയെങ്ങാനും നോക്കിയാണോ പൊന്നോമനപ്പുത്രന്‍ കിടിക്കുന്നതെന്നറിയാനാണോവോ എന്തോ. ഇല്ല, അവറ്റകളേതേങ്കിലും കണ്ണ് വച്ചുകളയുമോ മകനെയെന്നെ നമ്മുടെ അമ്മച്ചാര്‍ വിചാരിക്കനിടയുള്ളു. ഇടക്കെപ്പോഴോ അകത്ത് പോയി “പിള്ളാരൊക്കെ അതിലേ പോണതാ ഈ ചെറുക്കന്‍ ഷര്‍ട്ട് പോലുമിടാതെ ദാ ഗെയ്റ്റിന്റെ അടുത്ത് മോളിലോട്ടും നോക്കികിടപ്പാ” എന്ന് പിതാശ്രീയോട് പരാതിപ്പെടുകയും ഉണ്ടായി. “അവനവിടെങ്ങാനും സ്വസ്തമായിക്കിടന്നോട്ടെ” എന്ന് പിതാശ്രീ മറുപടിയും പറഞ്ഞു.
കഴിഞ്ഞില്ല പത്ത് മിനിറ്റ് കഴിയുമ്പോളേക്ക് അമ്മ വീണ്ടുമെത്തും. അധികവും മാങ്ങയോ കപ്പളങ്ങയോ (പപ്പായ) ചെത്തി പാത്രത്തിലിട്ട് അതിലൊരു സ്പൂണുമിട്ട്.
“ഡാ നോക്കിക്കേ, നല്ല മാങ്ങയാ, ഒന്നും കേടായിട്ടില്ല, കേടായ ഭാഗമൊക്കെ ഞാന്‍ തിന്നു”
ഇതായിരിക്കും ഇപ്രാവശ്യത്തെ ഡയലോഗ്. മെല്ലെ എണീറ്റ് ഒരു കഷ്ണം മാങ്ങയോ കപ്പളങ്ങയോ വായിലിട്ട് നോക്കി നല്ലതാണെന്ന് പറയണം. അത് കേട്ടാലേ അമ്മ അകത്തേക്ക് പോകൂ.
അകത്തേക്ക് പോയാലോ എന്ന് വിചാരിച്ചിരിക്കുമ്പോളായിരിക്കും അമ്മച്ചാരുടെ അടുത്ത വരവ്.
“ഇന്നിനി വൈകിയില്ലേ, നീ പുറത്തൊന്നും പോണില്ലല്ലോ? കുളിച്ചൂടെ നിനക്ക് തലയിണെണ്ണയിട്ട് തരട്ടേ ?”
ഉവ്വെന്നു തലയാട്ടി, പുസ്തകവും തലയിണയുമൊക്കെ അവിടവിടെ വച്ച് അടുക്കളയുടെ അടുത്ത് അമ്മിക്കല്ലിനടുത്തുള്ള വാതില്‍പ്പടിയില്‍ വേഗം ഹാജരായിക്കോളണം ഇനി. അവിടെ ചിലപ്പോള്‍ വെളിച്ചെണ്ണയോ, അല്ലെങ്കില്‍ ചിലപ്പോള്‍ നല്ലെണ്ണയോ അതൊന്നുമല്ലെങ്കില്‍ പറമ്പിലുള്ള തുളസി തുടങ്ങി നാനാവിധം ചെടികളുടെയെല്ലാം ഇലയിട്ട് കാച്ചിയ പച്ച ദ്രാവകവുമായി അമ്മയുണ്ടാകുമവിടെ. കട്ടിളപ്പടിയില്‍ ഇരിക്കണം എന്നാലേ അമ്മക്ക് തലയില്‍ എണ്ണയിടാന്‍ എത്തൂ.
എണ്ണതേക്കല്‍ ചടങ്ങ് തുടങ്ങുന്നത് മിക്കവാറും രണ്ട് വാചകങ്ങളിലാണ്‍.
1. “പണ്ട് ചെറുപ്പത്തില്‍ ഒന്നിരാടം ഇടവിട്ട് വെളിച്ചെണ്ണയും നല്ലെണ്ണയും തേല്‍ക്കുമായിരുന്നു. അതു കൊണ്ടാ ഇപ്പോ ഏത് എണ്ണ തേച്ചാലും നിനക്ക് പനി വരാത്തത്.”
2. “പണ്ട് അമ്മച്ചിയും ഞാനും കൂടെ നിന്നെ ഒരു പാളയിലി കിടത്തി മേലൊക്കെ എണ്ണ തേല്‍പ്പിച്ച് കിടത്തുമായിരുന്നു. നിനക്ക് ഒന്ന് മേത്തെണ്ണ തേച്ചൂടെ?”
ചെയ്യാമെന്നും പറഞ്ഞ് അനങ്ങാതിരിക്കും. “നീ എല്ലാ ദിവസവും തലയില്‍ എണ്ണതേക്കാറുണ്ടോ അവിടെ?” ഉണ്ടെന്ന് കള്ളം പറായാതിരിക്കാന്‍ പറ്റില്ല. അപ്പുറത്തെ ശ്രീദേവിക്ക് നൂറുരൂപ പിതാജി അറിയാതെ കടം കൊടുത്തതതും രണ്ട് വീടിനപ്പുറത്ത് ഓട്ടോ റിക്ഷാ driver – ക്ക് സുഖമില്ലാതെ ആയപ്പോള്‍ ആയിരം രൂപ കടം കൊടുത് കിട്ടിയില്ല തുടങ്ങിയ രഹസ്യങ്ങളൊക്കെ ഇപ്പോളാണ്‍ അമ്മ പങ്കു വയ്ക്കുക. ഓട്ടോ driver – കള്ള് കുടിക്കേം ചെയ്യും. പോരേ പൂരം ! അങ്ങനെയിരിക്കെയൊരിക്കലാണ്‍ പതിവില്ലാതെ അമ്മക്ക് എന്റെ ശമ്പളം എത്രയുണ്ടെന്നറിയണം. കൊക്കെത്രകുളം കണ്ടതാ കാര്യം മനസിലായെങ്കിലും ശമ്പളം പറഞ്ഞു.
“നിന്റെ കൂടെ അന്നിവിടെ വന്ന സിവിലിലെ (civil engineering) മനോജിന്റെ നിശ്ചയം കഴിഞ്ഞല്ലേ ?“
ഉം എന്നൊരിത്തി മൂളി. പണ്ട് ഡെന്റള്‍ കോളേജിലെ ഏതോ തരുണിമണിയെ മാതാജിയും പിതാജിയും കൂടെ എവിടെയോ വച്ച് കണ്ടകാര്യവും അവളെ വീട്ടില്‍ കൊണ്ടു വരികയോ എന്തോ ഗിഫ്റ്റ് കൊടുത്തകാര്യവും നല്ല കൊച്ചോണെന്നും ഒക്കെപ്പറഞ്ഞിട്ടും അവള്‍ കോഴ്സ് കഴിഞ്ഞ് പോയിക്കാണുമെന്ന് പലപ്രാവശ്യം പറഞ്ഞിട്ടും ഞാന്‍ പൊട്ടണ്‍ കളിക്കുകയും ചെയ്തതു കൊണ്ട് ഇപ്രാവശ്യം ആള്‍ വളരെ ശ്രദ്ധിച്ചു തന്നെയാണ്‍. ഈ ഡോട്ടറമ്മ വന്നപ്പോള്‍ ഞാനവിടെ ഇല്ലാതെ പോയല്ലോ എന്ന് മനസില്‍ ഓര്‍ക്കാതിരുന്നില്ല. കാസറഗോഡെങ്ങാണ്ടായിരുന്നു ഡോട്ടറമ്മയുടെ വീട്. അവിടെങ്ങാനും ട്രെക്കിങ്ങിനും ഫോട്ടോഗ്രാഫിക്കും പറ്റിയസ്ഥലമുണ്ടോയെന്നും ആലോചിച്ചു. എന്തായാലും അമ്മയിപ്പോള്‍ കാര്യം അവതരിപ്പിച്ചേയടങ്ങൂ എന്ന വാശിയിലാണ്‍. മനസില്‍ അപ്പോള്‍ അമ്മയുടെ മനസിലെന്തായിരിക്കും എന്നാലോചിക്കുകയായിരുന്നു. പത്തിരുപത്തഞ്ച് വര്‍ഷം പോറ്റി വളര്‍ത്തി ഇങ്ങനെ കല്യാണക്കാര്യത്തെക്കുറിച്ച് പറയുമ്പോള്‍ അമ്മയുടെ മനസിലെ വികാരം എന്തായിരിക്കും എന്നതിനെക്കുറിച്ച് കൌതുകം തോന്നി. തന്റെ മകന്‍ ഒത്തിരി വലുതായെന്നും ജോലിക്കാരനായെന്നുമൊക്കെ വിചാരിച്ച് പാവം സന്തോഷിക്കുന്നുണ്ടാകും. ഒരു പക്ഷേ ഒരു പിടി അഹങ്കാരവും. ചെറുപ്പത്തില്‍ ഏണ്ണക്കുപ്പിയുമായി അമ്മയെ വീടിന്‍ ചുറ്റും ഓടിക്കുമായിരുന്നു എന്നൊക്കെയോര്‍ക്കുമ്പോളാന്‍ അമ്മ സംഭവം അവതരിപ്പിക്കുന്നത്.
“ഏടാ നീ അവിടെ ഒറ്റക്കല്ലേ. അവിടെയെങ്ങാനും ജോലിയുള്ള ഒരു പെണ്ണിനെ നീ തപ്പിപ്പിടിച്ചാല്‍ പിന്നെ നിങ്ങള്‍ക്ക് ഒരുമിച്ച് ഓഫീസില്‍ പോകാമല്ലോ. പിന്നെ നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കു കൂടെ എന്തേലും ഒക്കെ കുക്ക് ചെയ്ത് കഴിക്കുകേം ചെയ്യാം”
കൊള്ളാം. പണ്ട് ഓഫീസില്‍ ഉണ്ടക്കള്ളുള്ള മലയാളിപ്പെണ്കുട്ടി വന്നിട്ടുണ്ട് പറഞ്ഞപ്പോള്‍ അവള്‍ ക്രിസ്ത്ര്യാനി ആണെങ്കിലെത്ര നന്നായിരുന്ന് എന്ന് പറഞ്ഞ പോലെ വലിയ ഡിമാന്‍ഡൊന്നുമില്ല ഇപ്രാവശ്യം. ജോലിയുണ്ടായിരിക്കണമെന്നും ഞാന്‍ കുക്കിംഗ് പടിക്കേണ്ടിവരുമെന്നും മാത്രം. നമ്മള്‍ ഓടുന്ന പട്ടിക്ക് ഒരു മുഴം എറിയുന്ന കൂട്ടത്തിലായത് കൊണ്ട് തല്‍ക്കാലം ഒന്നും പറയണ്ട ഒരാഴ്ച കഴിയട്ടെ സംഭങ്ങളൊക്കെ അപ്പോല്‍പ്പറയാം എന്ന് വിചാരിച്ച് മിണ്ടാതിരുന്നു. അതെന്തായാലും ഒരു വലിയ കഥയുടെ ആദ്യഭാഗമാണെന്ന് അന്ന് കരുതിയിരുന്നില്ല.
ഇത്രയും ആയപ്പോള്‍ വീടിന്റെ ഒരു വശത്തു നിന്നും പിതശ്രീ ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്നോരു ഭാവത്തോടെ ഒരു ചെറിയ ചിരിയുമായി രംഗം പ്രവേശനം ചെയ്തത്. കൊള്ളാം വന്‍ പ്ലാനിംഗ്. എന്തായാലും അമ്മ അടുത്ത ഡയലോഗിലെത്തി.
“നീ ജനിച്ചപ്പോ നിന്റെ മൂക്കിങ്ങനെയൊന്നും ആയിരുന്നില്ല. ഞാനും അമ്മച്ചിയും കൂടെ തിരിമ്മിത്തിരുമ്മിയാണിങ്ങനെയാക്കിയെടുത്തത് “
കഴിഞ്ഞ 27 വര്‍ഷങ്ങളിലായി ഇതേപോലെ എണ്ണ തേക്കുമ്പോള്‍ ഈ വാക്കുകള്‍ ഒരു പതിനായിരം പ്രാവശ്യമെങ്കിലും കേട്ടിരിക്കും. ഓരോ വാചകത്തിന്റെയും ഈണം പോലും മനസിലുണ്ടെങ്കിലും ഒരിക്കലും മടുക്കില്ല ഈ വാക്കുകള്‍. ആറ് മാസം കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍ അതൊക്കെ കേട്ടിട്ട്. സാഹചര്യങ്ങള്‍ മനുഷ്യനെ എത്രമാത്രം മാറ്റുന്നു.
ഒരു ചെവിയില്‍ എണ്ണ പുരണ്ട കുഞ്ഞുകൈകൊണ്ട് മെല്ലെ പിടിച്ചുകൊണ്ട് അമ്മ പറയാന്‍ പോകുന്ന അടുത്തവാചകവും എനിക്കറിയാം.
“നീ ജനിച്ചപ്പോള്‍, നിന്റെ ചെവി മടങ്ങിയായിരുന്ന്. എന്നിട്ട് ഞാനും അമ്മച്ചിയും കൂടെ തിരുമ്മിത്തിരുമ്മിയാണ്‍ ………”
എങ്കിലും, പെട്ടന്ന്, അതൊന്നുംകൂടെ കേള്‍ക്കാന്‍ പറ്റിയിരുന്നെങ്കില്‍.